ദ്രുപാൽ ഇപ്പോൾ എന്നത്തേക്കാളും എളുപ്പം, കൂടാതെ സാമൂഹികവും അർത്ഥവത്തുമായ സൈറ്റുകൾ നിർമ്മിക്കുന്നതിനു് ഏറ്റവും ഭാവനാപൂർണ്ണവുമായ അടിത്തറയായി ദ്രുപാൽ മാറിയിരിയ്ക്കുന്നു

ബെൽജിയം & ഷിക്കാഗോ — ജനുവരി 5, 2011 — ദ്രുപാൽ അസോസിയേഷനും അഖിലലോക ദ്രുപാൽ സമൂഹവും ഒത്തുചേർന്നു് ഏറ്റവും നൂതനമായ വെബ് പ്ലാറ്റ്ഫോം ദ്രുപാൽ ഏഴാം പതിപ്പിന്റെ ലഭ്യത പ്രഖ്യാപിക്കുന്നു. ലക്ഷോപലക്ഷം വെബ്സൈറ്റുകൾക്കും ആപ്ലിക്കേഷനുകൾക്കും അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര കണ്ടന്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോം ആണു് ദ്രുപാൽ. എടുത്തു പറയേണ്ട വെബ്സൈറ്റുകൾ WhiteHouse.gov യും വാർണർ മീഡിയ ഗ്രൂപ്പിന്റെ ഒരുപാടു ഉന്നതരായ സംഗീതജ്ഞരുടേയും സൈറ്റുകളാണു്. ഏറ്റവും നൂതനമായ വെബ് സാങ്കേതികവിദ്യയും ഉപയോക്തൃ സംതൃപ്തിയ്ക്കായി (UX) വരുത്തിയിട്ടുള്ള നിരവധി പുരോഗമനങ്ങളുമാണു് ദ്രുപാലിന്റെ ഏഴാം പതിപ്പിലെ (D7) എടുത്തുപറയേണ്ട പ്രത്യേകതകൾ. അമേരിക്കയിലെ ഏറ്റവും മുന്തിയ 100 സൈറ്റുകളിൽ ഒന്നായ Examiner.com പോലുള്ള ഏറ്റവും തിരക്കേറിയ സൈറ്റുകളിൽ ദ്രുപാൽ 7 ഉപയോഗിക്കുവാൻ തുടങ്ങിയിരിക്കുന്നു. ഒക്ടോബറിലേതിൽ നിന്നും നവംബറിലെത്തിയപ്പോൾ ഈ സൈറ്റിലെ സന്ദർശകരുടെ എണ്ണത്തിൽ 19% വർദ്ധനവുണ്ടായിരിക്കുന്നു, ഒരു മാസത്തിനുള്ളിൽ 22.4 ദശലക്ഷത്തിലധികം പേർ.

“ദ്രുപാൽ 7-ലെ പുതിയ സൌകര്യങ്ങളായ ഫീൽഡ് എപിഐ, പ്ലഗ് ചെയ്യാവുന്ന സ്റ്റോറേജും കാഷും എന്നിവ, മോങ്കോയെ ഒരു "NoSQL" പരിഹാരമായി ഉപയോഗിച്ചു് ഉയർന്ന പ്രകടനവും വളർച്ചാസാധ്യതയും കാഴ്ചവെയ്ക്കുവാൻ ഞങ്ങളെ സഹായിച്ചു. അതേസമയം, ഒരുപാടു വലിയ കൂട്ടിച്ചേർക്കലുകളും മാറ്റങ്ങളും സംഭവിച്ചിട്ടും ദ്രുപാലിന്റെ കാതൽ വളരെ ശക്തമത്തായി നിലനിർത്തുവാൻ പുതിയ യൂണിറ്റ് ടെസ്റ്റിങ് ഫ്രേംവർക്കു് സഹായിച്ചു. ദ്രുപാലിന്റെ മുൻപതിപ്പുകൾ ഉപയോഗിച്ചു് Examiner.com പോലെ തിരക്കേറിയതും ക്ഷിപ്രപ്രസിദ്ധീകരണ ശേഷിയുമുള്ള സൈറ്റുകൾ നിർമ്മിക്കുവാൻ അസാദ്ധ്യമോ വിഷമമോ ആയിരുന്നു.” Examiner.com ന്റെ പ്രസിഡന്റ് ജിം ഡേവിഡ്സൺ പറഞ്ഞു.

ദ്രുപാൽ 7-ന്റെ നിർമ്മാണ പരിപാടിയിൽ കോൺട്രാക്റ്റിനെടുത്ത വിദഗ്ദ്ധരുടെ മാർഗ്ഗനിർദ്ദേശവും ഒപ്പം ദ്രുപാൽ സമൂഹത്തിൽ നിന്നുള്ള അഭിപ്രായങ്ങളും ഒത്തുചേർന്നു് ദ്രുപാൽ 7-ലെ ഉപയോക്തൃസംതൃപ്തി (UX) കൈവരിക്കുവാനുള്ള പരിഹാരങ്ങൾ ഈ രംഗത്തെ ഏറ്റവും മികച്ചതായിരിക്കുന്നു. ഉപയോക്തൃസംതൃപ്തിയ്ക്കായുള്ള നൂതനസങ്കേതങ്ങളിലൂടെ സൈറ്റിന്റെ കൈകാര്യവും, സൈറ്റ് പുതുക്കുന്നതും, ആക്സസിബിലിറ്റിയും, കണ്ടന്റ് സൃഷ്ടിയും എല്ലാം കൂടുതൽ എളിപ്പമായിരിക്കുന്നു.

ദ്രുപാൽ 7-ൽ കൂടുതൽ മെച്ചപ്പെട്ട പുതിയ ഉപയോക്തൃപ്രതലവും, മെച്ചപ്പെട്ട ഉപയോഗസൌകര്യങ്ങളും, നല്ല ചിത്ര കൈകാര്യ സൌകര്യവും, വീഡിയോ ഓഡിയോ മുതലായവയുടെ മെറ്റാഡാറ്റ കൈകാര്യം ചെയ്യാനുള്ള സൌകര്യവും, സുരക്ഷാപ്രത്യേകതകളും, വളർച്ചാ സൌകര്യവും ഡാറ്റാബേസ് പാരസ്പര്യത്തിൽ വരുത്തിയ പുരോഗതികളും, സ്ഥിരത ഉറപ്പുവരുത്തുവാനായി സ്വയമേവ പ്രവർത്തിക്കുന്ന 30,000 പരീക്ഷകളും ഉണ്ടെന്നു് ദ്രുപാൽ 7 കാതൽ നിർമ്മിക്കുന്ന സംഘത്തിലെ Angie Byron (Webchick എന്നും അറിയപ്പെടുന്നു), ഉറപ്പിച്ചു പറയുന്നു. ചുരുക്കത്തിൽ ദ്രുപാലിന്റെ ഒരു വമ്പൻ കുതിച്ചു ചാട്ടമാണിതു്, കൂടാതെ ലോകമെങ്ങുമുള്ള വെബ്സൈറ്റ് നിർമ്മാതാക്കളുടേയും, ദ്രുപാൽ 7 ലോകത്തിനു മുന്നിലേക്കു് ഔപചാരികമായി ഉദ്ഘാടനം ചെയ്യുമ്പോൾ ഞങ്ങൾ അതിയായി സന്തോഷിക്കുന്നു."

ഇരുനൂറിലധികം രാജ്യങ്ങളിലെ നൂറ്റിയെൺപതിലധികം ഭാഷ സംസാരിക്കുന്ന അഞ്ചുലക്ഷത്തിലധികം ആൾക്കാരുടെ പിൻബലമുള്ള ഒരു സ്വതന്ത്ര സോഫ്റ്റുവെയർ സംരംഭമാണു് ദ്രുപാൽ. ദ്രുപാൽ സമൂഹത്തിലെ ആയിരത്തോളം പേർ ദ്രുപാലിന്റെ കാതലായ ഭാഗം നിർമ്മിക്കുവാൻ ഉണ്ടായിരുന്നു, കൂടാതെ ആയിരക്കണക്കിനു പേർ മറ്റു മൊഡ്യൂളുകൾ നിർമ്മിക്കുവാനും.

ദ്രുപാലിന്റെ ഉപജ്ഞാതാവും പ്രോജക്റ്റ് ലീഡുമായ ഡ്രൈസ് ബൈറ്റാർറ്റ് പറയുന്നു, "ദ്രുപാലിന്റെ അസാധാരണമായ വളർച്ച ആരംഭിക്കുന്നതു് ദ്രുപാൽ 6 മുതലാണു്; ഉപയോഗത്തിന്റേയും പ്രകടനത്തിന്റേയും കഴിവിന്റേയും കാര്യത്തിൽ ദ്രുപാൽ 7 ഒരു വമ്പൻ കുതിച്ചു ചാട്ടം തന്നെയാണു്. വെബിനു വേണ്ടിയുള്ള നിർമ്മാണത്തിലെ ഒരു പുതിയ അദ്ധ്യായത്തിലേയ്ക്കു് ഞങ്ങൾ ലോകത്തിനെ സ്വാഗതം ചെയ്യുന്നതോടൊപ്പം ലോകമെമ്പാടും ജനുവരി 7-നു നടത്തുന്ന ദ്രുപാൽ 7 ഉത്ഘാടന പാർട്ടിയിലേയ്ക്കും ഏവരേയും സ്വാഗതം ചെയ്യുന്നു."

ദ്രുപാൽ 7-ലെ പ്രധാനപ്പെട്ട പുതിയ കഴിവുകൾ

  • 80 ശതമാനത്തോളം ഉപയോക്താക്കൾക്കും സാധാരണ ജോലികൾ എളുപ്പമാക്കുന്ന, സ്വതവേയുള്ള സജ്ജീകരണങ്ങൾ തന്ത്രപരമാക്കിയ, കണ്ടന്റ് എഴുതുന്നവർക്കു് കൂടുതൽ പരിഗണന ലഭിക്കുന്ന, കൈകാര്യം ലളിതമാക്കുന്ന ഉപയോക്തൃ പ്രതലത്തിലെ പുതുമകൾ.
  • വലിപ്പം മാറ്റുക, മുറിക്കുക, തുടങ്ങിയ ചിത്ര കൈകാര്യത്തിനുള്ള ശേഷി സ്വതവേ ഉണ്ടു്.
  • തനിയേ പ്രവർത്തിക്കുന് ഒരു പരിശോധനയന്ത്രം നിരന്തരം ഓരോ നിർമ്മാണപ്രക്രിയയിലും പരിശോധന നടത്തിക്കൊണ്ടിരിക്കുന്നു. ഇതിലൂടെ ദീർഘകാല സുസ്ഥിരത നേടാനാവുന്നു.
  • ദ്രുപാൽ 6-ൽ നിന്നു് ദ്രുപാൽ 7-ലേയ്ക്കു് പതിപ്പു് ഏറ്റുവാൻ വേർഷൻ അപ്ഗ്ര്ഡ് മാനേജരും മൈഗ്രേഷനും.
  • അഡ്വാൻസ്ഡ് കാഷിങ്, കണ്ടന്റ് ഡെലിവറി നെറ്റുവർക്കു്, മാസ്റ്റർ-സ്ലേവ് റപ്ലിക്കേഷൻ എന്നിവ ഉപയോഗിച്ചു കൊണ്ടു് സന്ദർശകർക്കു് പേജുകൾ അതിവേഗം നല്കുവാനായി പ്രകടവും വളർച്ചാസാധ്യതയും വർദ്ധിപ്പിച്ചിരിക്കുന്നു.
  • കാതലിൽ തന്നെ കസ്റ്റം ഫീൽഡുകൾ, ഏതൊരു കണ്ടന്റ് തരത്തിനും പ്രകൃത്യാ തന്നെ ഡാറ്റ ഐറ്റം ഫീൽഡുകൾ, കൂടാതെ യൂസേർസ്, ടാക്സോണമി, മറ്റു എന്റിറ്റികൾ, കൂടാതെ വിവർത്തനം ചെയ്യുവാനുള്ള സൌകര്യവും.
  • ഡാറ്റബേസ് അബ്സ്ട്രാക്ഷൻ ലെയർ, Maria DB [http://mariaDB.org], Microsoft SQL Server [microsoft.com], MongoDB [mongodb.org], Oracle [http://oracle.com], MySQL [mysql.com], PostgreSQL [postgreSQL.org], അല്ലെങ്കിൽ SQLite [http://www.sqlite.org] മുതലായ ഡാറ്റാബേസുകൾ ഉപയോഗിക്കുവാൻ നിങ്ങളെ പ്രാപ്തരാക്കുന്നു.

"നിങ്ങളുടെ ഓൺലൈൻ കണ്ടന്റ് ഉപയോഗിച്ചു് പണമുണ്ടാക്കുവാൻ, സബ്ഹബ് നിങ്ങളെ സഹായിക്കുന്നു. ഏകദേശം ഒരു വർഷം മുമ്പാണു്, ഞങ്ങളുടെ കണ്ടന്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോം ദ്രുപാൽ 7 ഉപയോഗിച്ചു് നിർമ്മാണം ആരംഭിക്കുവാൻ ഞങ്ങൾ തീരുമാനിക്കുന്നതു്", യുകെയിലെ വെയിൽസിൽ കാർഡിഫിൽ ഉള്ള സബ്ഹബ് ലൈറ്റ് ലീഡ് ഡവലപ്പർ ആയ ജാമി വൈസ്മാൻ പറഞ്ഞു. "ഞങ്ങൾ ഉദ്ദേശിച്ചതെല്ലാം നിർമ്മിക്കുവാൻ ദ്രുപാലിന്റെ മെയ് വഴക്കം ഞങ്ങൾക്കു് തുണയായി."

ബഹുഭാഷാകൈകാര്യത്തിനുള്ള പിന്തുണയുടെ കാര്യത്തിൽ ദ്രുപാൽ പ്രശസ്തമാണു്, കൂടാതെ ശാരീരികബുദ്ധിമുട്ടുള്ളവർക്കു് കൈകാര്യം ചെയ്യുവാനുള്ള സൌകര്യത്തിന്റെ കാര്യത്തിൽ വേൾഡ് വൈഡ് കൺസോർഷ്യത്തിന്റെ (W3C) വെബ് കണ്ടന്റ് ആക്സസ് നിർദേശങ്ങൾ (WCAG 2.0) 100% പാലിക്കുന്നതായി അടുത്ത കാലത്തു് നെതർലൻഡിൽ വെച്ചു് തെളിയുകയുണ്ടായി.

ദ്രുപാൽ 7 കാതലിൽ തന്നെ RDFa സിമാന്റിക് വെബ് ടെക്നോളജി വിളക്കിച്ചേർത്തിരിക്കുന്നു

സിമാന്റിക് വെബിന്റെ വ്യാപനത്തിനു വേണ്ടി RDFaയുടെ ഉപയോഗത്തിൽ ദ്രുപാൽ 7 ആണു് മറ്റുള്ളവർക്കു് വഴികാട്ടി. ഗൂഗിൾ, ബിങ് മുതലായവ വെബ്സൈറ്റുകളിൽ നിന്നു് യന്ത്രത്തിനു വായിക്കുവാൻ എളുപ്പമുള്ള കൃത്യമായ ഘടനയുള്ള ഡാറ്റയെ കൂടുതൽ കൂടുതലായി ആശ്രയിക്കും. ദ്രുപാൽ 7-ൽ നിവേശിച്ചിരിക്കുന്ന സിമാന്റിക് മെറ്റാ ഡാറ്റ മെഷിൻ-ടു-മെഷിൻ (M2M) സെർച്ച്, ദ്രുപാൽ 7 വെബ്സൈറ്റുകളുടെ സ്വന്തമാക്കുന്നു. ഭൂപടത്തിൽ രേഖപ്പെടുത്തുന്നതിനായി ഒരു വേദിയുടെ ലാറ്റിറ്റ്യൂഡ് ലോഞ്ചിറ്റ്യൂഡ് തുടങ്ങി മനുഷ്യർക്കു് അഗോചരമായതെങ്കിലും സെർച്ച് എഞ്ചിനുകൾക്കു് അത്തരം വിവരം കൂടുതലായി നല്കുന്നതിലൂടെ RDFa കൂടുതൽ മൂല്യം നല്കുന്നു; അല്ലെങ്കിൽ പ്രാദേശികവത്കരണത്തിനായി ISO ഫോർമാറ്റിലുള്ള തീയതി നല്കുന്നതിലൂടെ വിവിധ രാജ്യങ്ങളിൽ സെർച്ച് ഫലങ്ങളിൽ ശരിയായി രീതിയിൽ തീയതി കാണിക്കുവാനാകും.

ഡ്രൈസിന്റെ വാക്കുകളിൽ, "ദ്രുപാലിന്റെ കാതലിൽ സിമാന്റിക് ടെക്നോളജി ചേർത്തതു് വെബിന്റെ ഭാവിയിലേയ്ക്കുള്ള ഒരു വിലപ്പെട്ട ഒരു സംഭാവനയാണു്."

ദ്രുപാൽ അസോസിയേഷനെ കുറിച്ചു്

ഫണ്ടുകൾ, സങ്കേതങ്ങൾ, പരിപാടികൾ, പരസ്യം, വിതരണം, തുടങ്ങിയ മേഖലകളിൽ ദ്രുപാൽ സമൂഹത്തിനു വേണ്ട പിന്തുണ നല്കുന്ന, ലാഭത്തിനു വേണ്ടിയല്ലാത്ത ഒരു ട്രേഡ് സംഘടനയാണു് ദ്രുപാൽ അസോസിയേഷൻ. അംഗങ്ങളായ വ്യക്തികളുടേയും സംഘടനകളുടേയും പിന്തുണയോടെ, ദ്രുപാലിന്റെ വളർച്ചയ്ക്കായി അസോസിയേഷൻ അതിന്റെ വിഭവങ്ങൾ ഉപയോഗിക്കുന്നു.

ദ്രുപാൽ അസോസിയേഷൻ [association.drupal.org] ഇൻകോർപ്പറേറ്റ് ചെയ്തിരിക്കുന്നതു് ബെൽജിയത്തിലാണു്. കൂടുതൽ അറിയുവാനും ദ്രുപാൽ ഡൌൺലോഡ് ചെയ്യുവാനും Drupal.org [http://drupal.org].